Tuesday, October 19, 2010

HISTOY

കവളങ്ങാട്
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കില്‍ കോതമംഗലം ബ്ളോക്കില്‍ കുട്ടമംഗലം, നേര്യമംഗലം, കീരംപാറ വില്ലേജിലെ മണിമരുതുംചാല്‍, ആവോലിച്ചാല്‍ ഭാഗങ്ങളും പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് കവളങ്ങാട് ഗ്രാമപഞ്ചായത്ത്. 59.91 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കീരംപാറ പഞ്ചായത്തും, ഇടുക്കിജില്ലയിലെ അടിമാലി പഞ്ചായത്തും തെക്ക് പൈങ്ങോട്ടൂര്‍ പഞ്ചായത്തും, ഇടുക്കിജില്ലയിലെ വണ്ണപ്പുറം പഞ്ചായത്തും കിഴക്ക് ഇടുക്കിജില്ലയിലെ അടിമാലി, വണ്ണപ്പുറം പഞ്ചായത്തുകളും പടിഞ്ഞാറ് കീരംപാറ, പല്ലാരിമംഗലം പഞ്ചായത്തുകളും,കോതമംഗലം മുനിസിപ്പാലിറ്റിയുമാണ്. തിരു-കൊച്ചി സംസ്ഥാനത്തു 1953-ല്‍ ആദ്യമായി രൂപീകരിക്കപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നാണ് കവളങ്ങാട് ഗ്രാമപഞ്ചായത്ത.് അന്നത്തെ കുട്ടമംഗലം, മന്നാംകണ്ടം വില്ലേജുകള്‍ ഉള്‍പ്പെട്ട് കുത്തൂകുഴി മുതല്‍ അടിമാലി വരെയുള്ള വളരെ വിസ്തൃതമായ പ്രദേശങ്ങള്‍ ഈ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്നു. ആറു വാര്‍ഡുകളാണ് അന്ന് ഉണ്ടായിരുന്നത്. പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് എന്‍.ഡി.ഇട്ടിയവിര ആയിരുന്നു. പഞ്ചായത്തിന്റെ ആസ്ഥാനം നെല്ലിമറ്റത്ത് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. 1979-ല്‍ ഈ പഞ്ചായത്തിന്റെ ഭാഗങ്ങളായിരുന്ന പൈമറ്റം, കൂറ്റംവേലി, വാളാച്ചിറ എന്നീ പ്രദേശങ്ങള്‍ പുതിയതായി രൂപീകരിച്ച പല്ലാരിമംഗലം പഞ്ചായത്തില്‍ ഉള്‍പ്പെടുത്തി. ഈ പഞ്ചായത്തിന്റെ നടുവില്‍ കൂടി കടന്നുപോകുന്ന ആലുവാ- മൂന്നാര്‍ റോഡിനെ (ഇന്നത്തെ കൊച്ചി-മധുര ഹൈവെ) ഇടുക്കി ജില്ലയുമായി ബന്ധിപ്പിക്കുന്നതിന് 1935-ല്‍ പെരിയാറിന് കുറുകെ പണിതീര്‍ത്ത വാസ്തുശില്പചാരുതയുള്ള നേര്യമംഗലം പാലം ഈ പഞ്ചായത്തിലാണ്. റാണി ലക്ഷ്മിഭായിയുടെ ഓര്‍മ്മക്കായി പണികഴിപ്പിച്ചിട്ടുള്ള റാണിക്കല്ല് (ഒറ്റക്കല്ലില്‍ കൊത്തിയത്) എന്ന വാസ്തുശില്പം ഈ പാലത്തിന് സമീപത്താണ്. കോതമംഗലം താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന നഗരമുടി അണയും ഈ പഞ്ചായത്തിലാണ്. ഇടുക്കി ജില്ലയോട് ചേര്‍ന്ന് എല്ലാ അര്‍ത്ഥത്തിലും മലയോര സാഹചര്യങ്ങളുള്ള ഒരു വലിയ ഗ്രാമപഞ്ചായത്താണ് കവളങ്ങാട്. പഞ്ചായത്തു പ്രദേശം 29 കി.മീ നീളത്തിലും 12 കി.മീ വീതിയിലും നോക്കെത്താദൂരത്തില്‍ കുന്നും മലകളും നിറഞ്ഞു കിടക്കുന്നു. 12 കി.മീ നീളത്തില്‍ നീണ്ടപാറ മുതല്‍ ആവോലിച്ചാല്‍ വരെ വന്‍കോട്ടകള്‍ പോലെ കൊടുമുടികള്‍ നിറഞ്ഞു നില്‍ക്കുന്നു. ഇതിന്റെ മദ്ധ്യഭാഗമായ വില്ലാംചിറയില്‍ നിന്നും റ്റി ആകൃതിയില്‍ നാലു കി.മീ നീളത്തില്‍ സൂചിപ്പാറ മുടി സ്ഥിതി ചെയ്യുന്നു. ഇതിന്റെ രണ്ട് ഭാഗങ്ങളിലുമായിട്ടാണ് പടിഞ്ഞാറോട്ട് ചരിഞ്ഞ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വളരെ ഫലഭൂയിഷ്ഠമായ മണ്ണാണ് ഇവിടുത്തേത്. അതുകൊണ്ട് ശരിക്കും കാര്‍ഷിക മേഖലയായ ഇവിടെ മുന്‍കാലങ്ങളിലും ഇപ്പോഴും ധാരാളം മഴ ലഭിക്കുന്നതുകൊണ്ട് കേരളത്തിലെ ചിറാപുഞ്ചി യെന്നും ഈ പ്രദേശം അറിയപ്പെടുന്നു. ഒരു കുന്നിന് ഒരു തടം എന്ന പ്രകാരത്തില്‍ നെല്‍കൃഷിക്കും നാണ്യവിളകള്‍ക്കും തുല്യമായി വിനിയോഗിക്കുവാന്‍ മതിയായ ഭൂമി ഈ പഞ്ചായത്തിനുണ്ട്. കിഴക്കന്‍ ശബരിമല എന്നറിയപ്പെടുന്ന അതിപുരാതനമായ അയ്യപ്പ ക്ഷേത്രം നേര്യമംഗലത്തുണ്ട്.. നേര്യമംഗലത്തു തന്ന മധുരമീനാക്ഷിയുടെ പ്രതിഷ്ഠയുള്ള ഒരു ഭഗവതി ക്ഷേത്രവും വളരെ പഴക്കമുള്ള വാരിക്കാട്ട മുക്ക് ദേവീ ക്ഷേത്രവും ഉണ്ട്.

No comments:

Post a Comment

Recent Comments