HISTORY


ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം

വലിയൊരു ചരിത്രപശ്ചാത്തലമുള്ള പ്രദേശം ഉള്‍പ്പെട്ടതാണ് കവളങ്ങാട് ഗ്രാമപഞ്ചായത്ത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് പൂര്‍വ്വികന്‍മാര്‍ ആന, കടുവ, കരടി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളോട് മല്ലിട്ട്, ഘോരവനങ്ങളായിരുന്ന ഈ പ്രദേശം കൃഷിക്കുവേണ്ടി വെട്ടിത്തെളിച്ചപ്പോള്‍ കണ്ടെത്തിയ പ്രതിഷ്ഠകളും ശിലാശില്പങ്ങളും, വന്‍മതിലുകളുടേയും വീടുകളുടേയും അവശിഷ്ടങ്ങളുമെല്ലാം ഈ പ്രദേശം പിന്നിട്ട മറ്റൊരു യുഗത്തിന്റേയും സംസ്കാരത്തിന്റെയും തെളിവുകളാണ്. ഊന്നുകല്ലില്‍ നഗരമുടി ഭാഗത്തു മറ്റും കാണുന്ന മുനി അറകളും, ഗുഹാവശിഷ്ടങ്ങളുമെല്ലാം മഹര്‍ഷിമാര്‍ തപസ്സ് ചെയ്തിരുന്ന മേഖലകളാണെന്ന് പറയപ്പെടുന്നു. അള്ളുങ്കല്‍, പാച്ചോറ്റി മുതല്‍ വാളാച്ചിറ ഭാഗങ്ങളില്‍ കാണുന്ന കരിങ്കല്‍ കോട്ടയുടെ തകര്‍ന്ന അവശിഷ്ടങ്ങളും, നേര്യമംഗലത്ത് വനാന്തരഭാഗത്ത് സ്ഥിതിചെയ്യുന്ന വാരിക്കാട്ടുമുക്കു ദേവീക്ഷേത്രവുമെല്ലാം ഒരു കാലത്ത് കര്‍ത്താക്കന്‍മാര്‍ ഈ പ്രദേശത്ത് നിവസിച്ചിരുന്നു എന്നതിനു തെളിവുകളായി പറയപ്പെടുന്നു. കൃഷിക്കുവേണ്ടിയാണ് മറ്റുമേഖലകളില്‍ നിന്നു പൂര്‍വ്വികന്‍മാര്‍ ഇവിടെ കുടിയേറിപ്പാര്‍ത്തത്. നെല്‍കൃഷി ആയിരുന്നു ആദ്യകാലങ്ങളില്‍ ചെയ്തുവന്നിരുന്നത്. പിന്നീട് ഇഞ്ചിപ്പുല്ല്, തെങ്ങ്, കമുക്, മാവ്, പ്ളാവ്, കശുമാവ്, റബ്ബര്‍ തുടങ്ങിയ നാണ്യവിളകള്‍ കൃഷി ചെയ്യാന്‍ തുടങ്ങി. കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ ആദ്യമായി റബ്ബര്‍ കൃഷി ആരംഭിച്ചത് ഈ പഞ്ചായത്തു പ്രദേശത്തായിരുന്നു എന്ന് പറയപ്പെടുന്നു. പരീക്കണ്ണി, ഓപ്ര, നേര്യമംഗലം എന്നീ റബ്ബര്‍ എസ്റ്റേറ്റുകള്‍ പറങ്കി സായിപ്പ് എന്നറിയപ്പെട്ടിരുന്ന, പോള്‍ ലൂയിസ് എന്ന ആംഗ്ളോ ഇന്ത്യക്കാരനും, കമ്പര്‍ വാച്ച് ആന്റ് കമ്പനി എന്ന യൂറോപ്യന്‍ കമ്പനിയും പ്ളാന്റു ചെയ്തതാണ്. ഈ പഞ്ചായത്തിന്റെ ആദ്യത്തെ ഗ്രാമീണറോഡുകളായ നെല്ലിമറ്റം-പരീക്കണ്ണി റോഡും, ഓപ്രാ റോഡും ഈ തോട്ടങ്ങളിലേക്ക് നിര്‍മ്മിച്ചവ ആയിരുന്നു. കോതമംഗലം, മൂവാറ്റുപുഴ പ്രദേശങ്ങളിലെ ആദ്യത്തെ ഗ്രാമീണ വായനശാലയായ പരീക്കണ്ണി വിക്ടറി വായനശാല ഈ കാലയളവില്‍ സ്ഥാപിച്ചതാണ്. പരീക്കണ്ണീ റബ്ബര്‍ എസ്റ്റേറ്റില്‍ ഡെപ്പോ കൂലീസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. ഈ തൊഴിലാളികളെ അടിമകളെപ്പോലെ പണിയെടുപ്പിച്ചിരുന്നതിനെ കങ്കാണി സമ്പ്രദായം എന്ന ഓമന പേരിലാണ് അറിയപ്പെട്ടിരുന്നത്. കുടിയേറ്റക്കാലത്ത് ഓലയും പുല്ലും വൈക്കോലും മേഞ്ഞ വീടുകളിലാണ് ഭൂരിപക്ഷം പേരും താമസിച്ചിരുന്നത്. ഇപ്പോള്‍ പകുതിയോളം ആളുകള്‍ക്ക് ഓടുവച്ചതും കോണ്‍ക്രീറ്റ് ചെയ്തതുമായ വീടുകളുണ്ട്. ഈ പഞ്ചായത്തില്‍ സ്വാതന്ത്ര്യകാലഘട്ടത്തിനുമുമ്പുതന്നെ 1928-ല്‍ വരാപ്പുഴ ലത്തീന്‍ കത്തോലിക്കാ അതിരൂപത മെത്രപോലീത്താ തിരുമേനി ഏയ്ഞ്ചല്‍ മേരിയുടെ താല്‍പ്പര്യ പ്രകാരം മൂവാറ്റുപ്പുഴ പള്ളി വികാരി ആയിരുന്ന ഫാ.എവസേബിയൂസ് (ഒ.സി.ഡി) മാനേജരായി ഔര്‍ ലേഡി ഓഫ് മൌണ്ട് കാര്‍മല്‍ മലയാളം പ്രൈമറി സ്കൂള്‍ (ഒ.എല്‍.എം.സി.എല്‍.പി.എസ്) സ്വകാര്യമേഖലയില്‍ കവളങ്ങാട് ആരംഭിച്ചതോടെയാണ് പൊതുവിദ്യഭ്യാസത്തിന് തുടക്കം കുറിച്ചത്. അതുവരെ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി മഹാഭൂരിപക്ഷം കുട്ടികളും ആശാന്‍ കളരിയെ (കൂടിപള്ളിക്കുടം) യാണ് ആശ്രയിച്ചിരുന്നത്. എഴുത്തും വായനയും അല്‍പ്പം കണക്കുമാണ് അവിടെ അഭ്യസിച്ചിരുന്നത്. കുട്ടികളെ എഴുത്തിനിരുത്തുക, ഓല പിടിപ്പിക്കുക തുടങ്ങിയ ചടങ്ങുകള്‍ കുടുംബാംഗങ്ങള്‍ ആഘോഷ പൂര്‍വ്വം ആചരിച്ചിരുന്നു. പഠിപ്പിച്ച ഗുരുനാഥനെ ഭയഭക്തിയൊടു കൂടി കുട്ടികള്‍ ആദരിച്ചുപോന്നു. 1937-ല്‍ കവളങ്ങാട് സെന്റ് ജോണ്‍സ് പള്ളിയുടെ മാനേജ്മെന്റില്‍ സെന്റ് ജോണ്‍സ് യു.പി.സ്കൂള്‍ ആരംഭിച്ചതോടെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് ഈ പ്രദേശത്തെ കുട്ടികള്‍ക്ക് സൌകര്യം ലഭിച്ചു. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് കോതമംഗലത്ത് മാര്‍ബേസില്‍ ഹൈസ്ക്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.  വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട, വിവിധ സംസ്ക്കാരങ്ങള്‍ കൈമുതലായിട്ടുള്ള ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. വനാന്തരങ്ങള്‍ വെട്ടിത്തെളിച്ച് കൃഷി ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ കാട്ടുമൃഗങ്ങളില്‍ നിന്ന് രക്ഷ നേടാനും കൃഷിയെ സംരക്ഷിക്കാനും, അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ആരാധനാലയങ്ങള്‍ സ്ഥാപിച്ച് പ്രാര്‍ത്ഥന നടത്തിവരുന്നു. നേര്യമംഗലം ശ്രീധര്‍മ്മശാസ്ത്ര ക്ഷേത്രവും, കവങ്ങളാട് സീനായ് കുന്ന് പള്ളിയും, നേര്യമംഗലം മുനയുജീന്‍ ജുമാ അത്ത് പള്ളിയും ഈ ഗണത്തില്‍ ആദ്യകാലം മുതല്‍ ഉണ്ടായിരുന്നവയാണ്. മതസൌഹാര്‍ദ്ദം ഊട്ടിഉറപ്പിച്ചിട്ടുള്ള മേഖലയാണ് കവളങ്ങാട്. സാക്ഷരതാ രംഗത്തുള്ള മുന്നേറ്റമാണ് ഈ സമുന്നത പദവിക്ക് കാരണീഭവിച്ചിട്ടുള്ളത്. ആദ്യകാലങ്ങളില്‍ നാടകങ്ങളും കഥാപ്രസംഗങ്ങളും പഠിച്ച് അവതരിപ്പിക്കാറുണ്ടായിരുന്നു. ചെണ്ടകൊട്ട്, ബാന്‍ഡുമേളം, ഫ്ളൂട്ട്, കോല്‍ക്കളി, പരിചുട്ടുകളി, ഗരുഡന്‍ തൂക്കം, കാളകളി തുടങ്ങിയ നാടന്‍ കലാരൂപങ്ങളും ഈ പ്രദേശത്തെല്ലാം വ്യാപകമായി ഉണ്ടായിരുന്നു.

Recent Comments